Friday, 19 June 2015

ഈ രാത്രി കഴിയും വരെ

നബീൽ അസ്‌ലം            നഗരത്തിലെ പൊതുവേ തിരക്കുള്ള ഹൈവേ അന്ന് വിജനമായിരുന്നു. എന്താവാം കാരണം എന്ന് റഫീഖ് ചിന്തിക്കാതിരുന്നില്ല. ഓ. ശരിയാണ്. ഇന്നാണല്ലോ രാജ്യത്തിൻറെ സർവ്വാധികാര സർക്കാരിൻറെ മുഖ്യ ഷെയർ ഹോൾഡർ പാർടിയുടെ സംസ്ഥാന സമ്മേളനം. തീരദേശ പിന്തുണ ലക്ഷ്യമിട്ടാണ് ഈ നഗരത്തിൽ ഇത്തരമൊരു സമ്മേളനം അവർ നടത്തുന്നതെന്ന് അയാൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ സമ്മേളനം നടക്കുന്ന ബീച്ച് റോഡിലും ടൌണ്‍ റോഡിലുമായി ട്രാഫിക്‌ ധ്രുതപ്പെട്ടിരിക്കും. വീടു പിടിക്കുന്ന ഏതാനും ബിസ്സിനസ്സുകാർ മാത്രമാവും ഇന്ന് ഈ റോഡിൻറെ ഉപഭോക്താക്കൾ.
            കാർ  ഒരു വളവു തിരിഞ്ഞപ്പോൾ അതിവേഗത്തിൽ എതിരേ വന്ന ഒരു ലോറി കടുകിട വ്യത്യാസത്തിൽ അയാളെ കടന്നു പോയി.നെഞ്ചിനുള്ളിൽ വേഗം കൂടിയ മിടിപ്പിന്‌ ശക്തി കുറയും മുൻപ് അയാളുടെ സെൽഫോണ്‍ ശബ്ദിച്ചു. ഹസീന ഇരിക്കാറുള്ള മുൻസീറ്റിൽ, കമിഴ്ന്നു കിടന്നു വിശ്രമിക്കുകയായിരുന്നു അത്. റഫീഖ് ഫോണ്‍ തിരിച്ചു നോക്കി. അയാളുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. ഹസീനയാണ്. കാണാത്തപ്പോഴുള്ള സ്ഥിരം വിളി.
ഇങ്ങളെവിട്യാ?
ഞാൻ ഡ്രൈവിങ്ങിലാ. ദാ എത്തി. ഒരു പത്തു മിനിറ്റ്.
ഓ.കെ. അസ്സലാമു അലൈക്കും.
          അയാൾ വീണ്ടും ചിരിച്ചു. തൻറെ ശബ്ദം കേൾക്കാനുള്ള തിരക്കിൽ, വിളിക്കുമ്പോഴൊന്നും സലാം പറയാറില്ല ഹസീന. എങ്കിലും സംസാരം കഴിഞ്ഞ് കട്ട്‌ ചെയ്യും മുൻപ് സലാം പറയാൻ അവൾ മറക്കില്ല. അവൾക്കു സലാം മടക്കി അയാൾ ഫോണ്‍ സീറ്റിൽ തിരികെ വെച്ചു. മുൻപോട്ടു നോക്കിയതും അയാൾ ബ്രെയ്ക്കിൽ ആഞ്ഞു ചവിട്ടി. എന്തോ ഒന്ന് അയാളെ കാത്ത് റോഡിനു നടുവിൽ നിശ്ചലമായി കിടന്നു.
                                                ****************************
          നിക്കാഹ് കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് മുനിയൂരെ വീട്ടില് നിന്നും ഹസീന റഫീഖിനൊപ്പം കോഴിക്കോട്ടെത്തിയത്. കാസർഗോഡ്‌ തായന്നൂർക്കാരനായ റഫീഖ് മൂന്നു വർഷമായി ഇവിടെയാണ്‌ താമസം. കോഴിക്കോട്ടെ ഒരു സ്വകാര്യ ബാങ്കിൽ ക്ലെർക്കായി ജോലി നോക്കുകയാണയാൾ. നഗരത്തിൽ നിന്ന് അല്പം മാറി ആൾപ്പാർപ്പ് കുറഞ്ഞ ഒരിടത്താണ്  ദിവസങ്ങളുടെ ശ്രമത്തിനൊടുവിൽ അയാൾക്കൊരു വീട് തരപ്പെട്ടത്. റഫീഖിനൊപ്പം നിൽക്കണമെന്ന ഹസീനയുടെ നിർബന്ധത്തിന് അയാളുടെ വീട്ടുകാരും എതിരു പറഞ്ഞില്ല. അങ്ങനെയാണ്, ഹസീനയുടെ ഉപ്പ വിവാഹ സമ്മാനമായി നൽകിയ ടൊയോട്ട കാറിൽ അവർ ഈ നഗരത്തിലെത്തിയത്.
          ഡോർബെല്ലിന്റെ ശബ്ദം കേട്ടതും മുറിച്ചുകൊണ്ടിരുന്ന കറിക്കഷണങ്ങൾ ഉപേക്ഷിച്ച് ഹസീന എഴുന്നേറ്റു. പറഞ്ഞതിലും നേരത്തെ റഫീഖ് എത്തിയ സന്തോഷത്തോടെ അവൾ വാതിൽ തുറന്നു. കതകിനപ്പുറം തന്നെത്തന്നെ നോക്കി നില്ക്കുന്ന അപരിചിതനെ കണ്ട് അവൾ തട്ടം നേരെയാക്കി.
ആരാ?
തിരിച്ചൊന്നും പറയാതെ അയാൾ അകത്തേക്ക് കടന്നു. തടയാനുള്ള അവളുടെ ശ്രമത്തെ തട്ടിമാറ്റി അയാൾ വാതിൽ കുറ്റിയിട്ടു.
നിങ്ങളാരാ?
          ഉമിനീര് വറ്റിയ ശബ്ദത്തിൽ ഹസീന വീണ്ടും ചോദിച്ചു. അതിനും മറുപടി നല്കാതെ അയാൾ അവളിലേക്കടുത്തു. ഓടാനുള്ള അവളുടെ ശ്രമത്തെ അനായാസം തടുക്കാൻ അയാൾക്ക് കഴിഞ്ഞു. അയാളുടെ ശക്തവും മാർദവമില്ലാത്തതുമായ കൈകളിൽ അവളുടെ തരിവളകൾ ഞെരിഞ്ഞു. നിർദാക്ഷീണ്യം അവളെ പിച്ചിക്കീറി, മുഖമില്ലാത്ത ആ മനുഷ്യൻ വീട് വിട്ടു. തലയ്ക്കടിയിൽ നിന്ന് പൊട്ടിയൊലിച്ച് അവളുടെ ചുടുനിണം തറയാകെ നനവ്‌ പടർത്തി.
                                                ****************************
          നിമിഷനേരം റഫീഖ് അനങ്ങാതെ കാറിലിരുന്നു. അയാള് വല്ലാതെ ഭയപ്പെട്ടു പോയിരുന്നു. പതിയെ കാറിൽ നിന്നിറങ്ങി റോഡിലെ ആ ജീവിയ്ക്കു മുന്നിൽ അയാൾ കുനിഞ്ഞിരുന്നു. അതൊരു പാവം പട്ടിക്കുഞ്ഞായിരുന്നു. ചീറിപ്പാഞ്ഞു വന്ന ഏതെങ്കിലും ഒരു ബൈക്ക് തട്ടിയതാവണം, അതിന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ദയനീയമായ ഒരു മുരൾച്ചയിൽ ആ സാധുജീവി തൻറെ വേദന മുഴുവൻ ഒതുക്കി. മെല്ലെ അതിനെ കയ്യിലെടുത്ത് അയാൾ നടന്നു. റോഡിനപ്പുറം ഉയരം കുറഞ്ഞ ഒരു കൽപ്പടവുണ്ട്. അയാൾ പതിയെ അതിനെ പടവിനു മുകളിൽ വച്ചു തിരിഞ്ഞു നടന്നു. നടക്കുന്നതിനിടെ അയാൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. മുന്നോട്ടാഞ്ഞതും വെളിച്ചത്തിൻറെ ഒരു കടൽ അയാളുടെ മിഴികളെ അന്ധമാക്കി. ഏതോ ഗോഡൗണിലേയ്ക്ക് തിരക്കിട്ടു കുതിച്ച ഒരു കൊൽക്കത്ത ലോറി അയാളിലൂടെ കയറിയിറങ്ങി. പിറകെ വന്ന ഒമിനി നിർത്തി ഒരാള് ഓടിയടുത്തപ്പോഴേക്കും റഫീഖിൻറെ ആത്മാവ് അയാളെ വിട്ടു പിരിഞ്ഞിരുന്നു. അപ്പോഴും റഫീഖിനെ കാത്ത്, വിധിയിൽ കുളിച്ച ഹസീന ശരീരം ചോരവാർത്തുകൊണ്ടിരുന്നു.

Thursday, 15 January 2015

THE DOWN SLASH


EPISODE ZERO: THE PRIMARY BATE

          Vinayak was walking ahead of the busy road. People continued with their hectic regularities around. No one cared about what happened around. So was Vinayak. He was busy cooling his head with his favorite Bollywood hits in the iPod. Being a six feet tall man, Vinayak was a neatly built man with his routine evening gym hours. Any girl in the city would admire his cleanly shaved face which had -no doubt- a total genuine look. That day though, he was completely fed up with his busy day in office, and no girl would be of interest to him. His face had formed a thick layer of a mixture of sweat and oil, and sweat was running down his whiskers. When he reached the door of his regular coffee shop, a sudden chilled breeze swept his face which made him feel like having a cup of cold coffee.
The Café was one of the best in town, and always offered beverages at economy. The dimly lit interiors provided the best aesthetics for young couple- married or unmarried- to spend their time together unnoticed. Vinayak always preferred the table at the corner near the wash. It gave him clear vision to the Café’s LCD television which always showed MTV. He pushed his ass on to the puffy cushion in ease and waited for the bearer boy. It was suddenly when he felt like someone closely watching him. Often, he looked around and retracted, unable to find similar faces. He was feeling a sudden chill run through his spine, gifting him with an unknown fear. He didn’t even notice the bearer repeatedly asking him for his order. Impatiently, the bearer boy patted his shoulder. Vinayak suddenly came back to the real world and heard the bearer repeating impatiently.
“What are you having, Sir?”
“A peppermint frappe,” He ordered.
“Anything to eat, Sir?” the bearer repeated.
“Nope. Just the frappe will do.”

      It was then, missed by his primary eye, he saw the one looking constantly at him. He slowly rose from his seat and approached the follower, with a naughty little smile.

EPISODE TWO : THE STRANGER EYE

 She was with Ajay. Ajay had persuaded her to join him in his dad’s private guest house at Cochin. At first, she didn’t agree. Actually, she was a bit of tensed. Ajay called again, and again, and again. She kept on refusing.
‘It’s not the first time I am calling you out. Then why, Pari?’ Ajay pleaded.

‘It’s not that, Ajay. You know what. Papa will not let me out in late hours. And he’ll have to know where and why I’m out. And I can’t hold a cooked-up story before him for long. You know Ajay, you know well enough. How could I? I’m sorry, I’m so sorry Ajay’.
Then it was a short silence. Parinita felt her heart break into thousand red drops. She could feel a face out somewhere, gloomy and unhappy. She could feel someone, who dreamed of one night with his love out, and who misfortunately failed. She couldn’t bear long.
‘Okay, Ajay. This is the first and last time. Don’t ask me again.’
**********************************************************************
            And there they sat, on the open terrace of the guest house. The terrace was completely floored with small tiles of terracotta. Spot lights gleaming from the ceiling highlighted the brilliant shades of the floor tiles. The guest house was at a hilltop in the outskirts of the city. A clear view of Fort Kochi was available from the balcony they sat. City lights were at the best of their charm at that time of the dusk. And the view of it with someone who is your second heart was too much romantic.
            Ajay shifted his chair to behind Pari and wrapped her by the bosom. The unexpected wrap from behind shook her at first. But slowly, she started enjoying the moment. She had a well shaped bosom, which was well enough to charge a real man by mere sight. Ajay moved his fingers as though two legs were walking on her bosom. Reaching the navel, the fingers suddenly acquired a naughty rush, and the scene began to change. Pari was uncertain at the happening. She didn’t know if to enjoy the scene or to stop him. But something unknown held her back and spelled in her ears. ‘Nothing’s wrong. Don’t you worry!’
            Apart from Ajay’s eyes, distant on the terrace of a three storied building, stood an SLR camera on a tripod,  with a highly zoomed lens, closely absorbing each and every part of the play. The forefinger of a strange hand silently tapped on a jean wore knee. Slowly, a crooked smile spread on a shadowed face and the forefinger stopped its tapping and pressed the end button on the cam.

            The next day, when she woke up, Pari frightfully held the bed sheet which wrapped her body. She turned around to see Ajay sleeping at ease. The sari she wore lay on the floor near the bed along with her blouse. She wrapped up the stuff and moved towards the bathroom. Again, she turned around to look at Ajay. She felt something stick to her throat unable to digest. She had been in bed with a man never before. What have a man to lose? It’s always the woman’s fate to suffer. Always! She stood silently in front of the mirror and watched her naked self. Has something changed? The strange voice from inside spelled again, ‘Nothing has changed my dear. Nothing!’

Sunday, 21 September 2014

കുഴിമാടം


അത്താഴവും കഴിഞ്ഞ് അവളോടും പിള്ളേരോടും കിടന്നോളാന്‍ പറഞ്ഞ് ഇറങ്ങി നടക്കുമ്പോള്‍ നേരം പാതിരയോടടുതിരുന്നു. നടപ്പിനിടെ വര്‍ക്കി ആകാശത്തേക്ക് ഒന്നു കണ്ണെറിഞ്ഞു. മേഖങ്ങളുടെ കരിമ്പടം ഭേദിച്ച് പുറത്തേക്ക് വന്ന പൂര്‍ണചന്ദ്രന്‍ ഇടവഴികളെ വെണ്ണിലാവില്‍ കുളിപ്പിച്ചു നിര്‍ത്തിയിരുന്നു. സുഖമുള്ള ഒരു തണുത്ത കാറ്റ് നടക്കുമ്പോള്‍ വര്‍ക്കിക്ക്‌ കൂട്ടിനെത്തി. പള്ളിക്കടുത്തെത്തിയപ്പോള്‍ വര്‍ക്കി പതുക്കെ നിന്നു. നിലാവിന്‍റെ പുതപ്പ് പുതച്ചു നില്‍ക്കുന്ന പള്ളിയുടെ മാസ്മരിക പ്രഭ കണ്ട് വര്‍ക്കി അത്ഭുതം കൂറി. അതാസ്വദിച്ചു കൊണ്ട് വര്‍ക്കി മുന്നോട്ടു നടന്നു. വികാരിയച്ചന്‍ ഉറക്കമായിട്ടില്ലെങ്കില്‍ ഈ അസമയത്തിവിടെ വന്നതിന്‍റെ കാരണവും മറ്റും തിരക്കിയേനെ. ഭാഗ്യത്തിന് അതുണ്ടായില്ല. അങ്ങോര് നേരത്തേ കാലത്തേ ഉറക്കം പിടിച്ചിരുന്നു.

അപ്പന്‍റെ കുഴിമാടത്തിനടുത്തെത്തും വരെ വര്‍ക്കി നടപ്പു തുടര്‍ന്നു. അപ്പന്‍ വര്‍ക്കിയെയും കാത്ത് പൂക്കള്‍ ചീഞ്ഞു കിടന്ന കുഴിമാടത്തിനു മുകളില്‍ ഇരിപ്പുണ്ടായിരുന്നു.
"നീയെന്തവാടാ വൈകിയേ?"
എന്നത്തേയും പോലെ അപ്പന്‍ കെറുവിച്ചു.
"ഓ! ഒന്നുമില്ലെന്നേ, ഓരോന്നാലോചിച്ചോണ്ടിങ്ങനെ നടന്നപ്പോ..."
"ങ്ഹാ, അമ്മച്ചിയെന്നാ പറയുന്നെടാ?"
"ഹല്ലാ, അപ്പനിത് തന്നെ ദിവസോം ചോദിച്ച് മടുക്കത്തില്ല്യോ?"
"ഒന്നു പോടാ, അവളെക്കുറിച്ചല്ലാതെ പിന്നെ എന്തോന്നിരിക്കുന്നെടാ ഈ പരേതാത്മാവിന് ചിന്തിക്കാന്‍?"
"ആ, ഇന്നു കുറച്ചൊരാശ്വാസമൊക്കെയുണ്ട്‌. എന്നാലും കട്ടിലു വിട്ട് എണീറ്റു നടക്കാൻ പാകത്തിന് കുറവൊന്നുമില്ല."
"എൻറെ പൊന്നു കർത്താവേ? എന്നാണോ നീ അവളേം കൂടി ഇങ്ങോട്ട്..?"
"എൻറപ്പാ, അപ്പന് വേറൊന്നും പറയാനില്ല്യോ? ഞാൻ പോകുവാ. നാളെയെങ്ങാനും വരാം."

      തിരിച്ചുള്ള നടത്തയിൽ വർക്കിയുടെ മനസ്സ് മുഴുവൻ അമ്മച്ചിയെക്കൊണ്ട് നിറഞ്ഞു. അപ്പനോട് പൊള്ളു പറഞ്ഞതിൽ അയാൾക്ക്‌ വല്ലാത്ത ഖേദം തോന്നി. വലിവ് വല്ലാതെ അധികരിച്ചു പോയിരിക്കുന്നു.ആശുപത്രീൽ നിന്ന് ഇന്നലെ കൊണ്ട് വന്നതേയുള്ളൂ. ഇതിങ്ങനെ അധിക കാലം പോവില്ലെന്ന് വർഗീസ്‌ ഡോക്ടർ ഇന്നലെ പറഞ്ഞു. ഹൃദയത്തെ പകുക്കുന്ന നോവിലും അതംഗീകരിക്കാതിരിക്കാൻ അയാൾക്ക് പഴുതില്ലായിരുന്നു.

      പള്ളിമേടയ്ക്കു മുന്നിലെത്തിയപ്പോൾ അയാൾ വീണ്ടും നിന്നു. ഉണ്ണിയേശുവിനെ മാറോടു ചേർത്ത് ഇരുകണ്‍കളിലും വദനത്തിലും തുളുമ്പിയ വാത്സല്യവുമായി നിൽക്കുന്ന കന്യാമറിയത്തിന്റെ രൂപത്തിലേയ്ക്ക് അയാൾ ഇമ ചിമ്മാതെ നോക്കി നിന്നു. ആ നിൽപ്പിൽ അയാൾ അറിയാതെ കണ്ണുകൾ തുളുമ്പി. കുഞ്ഞായിരിക്കുമ്പോൾ അമ്മച്ചി എത്ര തവണ തന്നെ ഇത് പോലെ ചേർത്തു പിടിച്ചിരിക്കും. ഓരോ കുരുത്തക്കേടുകൾക്ക് അപ്പൻറെ കയ്യിൽ നിന്ന് പുളിവാറിനു വീക്ക് മേടിച്ചു കണ്ണ് നിറയുമ്പോ, "പോട്ടെടാ കൊച്ചേ, അപ്പൻ സ്നേഹം കൊണ്ടല്ലേടാ?" ഈനും പറഞ്ഞ് അമ്മച്ചി മൂർദ്ധാവിൽ ചുംബിക്കും. അപ്പോൾ പള്ളിയ്ക്ക് മുന്നിലെ കായൽപരപ്പിൻറെ അത്രയും ആഴം അമ്മച്ചിയുടെ കണ്ണുകളിൽ കാണാം. ആ സമയത്ത് കന്യാമറിയത്തിന്റെ കണ്ണുകളിൽ തുളുമ്പുന്ന അതേ വാത്സല്യം അമ്മച്ചിയുടെ കണ്ണുകളിലും കാണാം. അതും നോക്കിക്കൊണ്ട്‌ അവരുടെ മടിയില തലചായ്ച്ച് കുഞ്ഞുവർക്കി ഉറങ്ങിപ്പോകും. അന്ന് അമ്മച്ചി വായിലിട്ടു തരുന്ന ചോറുരുളയേക്കാൾ രുചിയായിട്ട്‌ ഒരിടത്തുനിന്നും താൻ ഒന്നും കഴിച്ചിട്ടില്ല. മനസ്സിൽ ഒഴുകിയകലുന്ന മേഘശകലങ്ങളുമായി അയാള് നടന്നു നീങ്ങി.

      വീട്ടിലെത്തുമ്പോൾ മോളമ്മ തന്നെയും നോക്കി പടിയ്ക്കലുണ്ട്.
"എന്നാ പറ്റിയെടീ?"
"നിങ്ങളിതെവിടാരുന്നു?" അവൾ തേങ്ങി. "അമ്മച്ചിയ്ക്ക് പെട്ടെന്ന് കൂടി. ഇപ്പൊ ഒരനക്കവുമില്ല.വിളിചിട്ടാണെങ്കി മിണ്ടാട്ടവുമില്ല. നിങ്ങളൊന്നു വന്നു നോക്കിയേ."
വർക്കി അമ്മച്ചിയുടെ കട്ടിലിനടുത്തേയ്ക്കോടി. കട്ടിൽ കാലിനടുത്ത് മുട്ടിലിരുന്ന് അയാൾ അമ്മച്ചിയെ കുലുക്കി വിളിച്ചു. അനക്കമില്ല. വർക്കി അമ്മച്ചിയുടെ കൈ കവര്ന്നു പിടിച്ചു. മുമ്പെപ്പൊഴുമില്ലാത്ത ഒരു മറച്ച തണുപ്പ് ആ കൈകളെ ബാധിച്ചിരുന്നു. വർക്കി എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. പിരി കൊടുത്ത ഒരു യന്ത്രമനുഷ്യനെ പോലെ അയാൾ തിണ്ണയിൽ ചെന്നിരുന്നു. പിറ്റേന്ന് മരിപ്പറിഞ്ഞു വന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അയാൾ കണ്ടില്ല. തികഞ്ഞ നിസ്സംഗതയോടെ കുഴിമാടത്തിലേയ്ക്കുള്ള അവസാന പിടി മണ്ണും അയാൾ വാരിയിട്ടു. തിരികെ വീട്ടിൽ വന്നിട്ടും അയാള് പഴയ ഇരിപ്പ് തുടർന്നു. അത് പാതിരയോളം നീണ്ടു, മോളമ്മ വിളിക്കും വരെ.
"ചേട്ടായീ, വന്നേ, വന്നു വല്ലോം കഴിച്ചേ."
വർക്കി എഴുന്നേറ്റു.
"എടീ, ഞാനിപ്പോ വരാം."
അയാൾ നടന്നു. കുഴിമാടത്തിൽ തന്നെയും കാത്തിരിക്കുന്ന അപ്പനെയും അമ്മച്ചിയേയും കാണാൻ. പള്ളിമേടയ്ക്കു മുന്നിലെ രൂപക്കൂട്ടിൽ കന്യാമറിയം അപ്പോഴും ഉണ്ണിയേശുവിനെ താലോലിച്ചുകൊണ്ടിരുന്നു.

Friday, 16 August 2013

കാറ്റാടിപ്പാടത്തെ യക്ഷിക്കുഞ്ഞ്

   
   
      ഇത് യക്ഷിക്കഥ തന്നെ. പണ്ട് നിങ്ങൾ പറഞ്ഞു മറന്ന ഒന്നായിരിക്കില്ല. ഒരു പക്ഷെ ഇതുവരെ നിങ്ങളിക്കഥ കേട്ടിട്ടുപോലുമുണ്ടാവില്ല. എങ്കിലും കാറ്റാടിപ്പാടം എന്നോരിടവും അവിടത്തെ യക്ഷിക്കുഞ്ഞും ഒരു യാഥാർത്ഥ്യം തന്നെയാണ്.

      പണ്ടേക്കുപണ്ടേ കാറ്റാടിപ്പാടം ഒരത്ഭുത ഗ്രാമമായിരുന്നു. കാച്ചെണ്ണ തേച്ചു നീരിൽ കുളിക്കുന്ന, നിതംബത്തോളം നീണ്ടു കിടന്ന മുടിയുള്ള സുന്ദരികളുടെ നാടായിരുന്നു അത്. ആരും കണ്ടാൽ കൊതിച്ചു പോകുന്നത്ര സുന്ദരികൾ. വശ്യമായ പുഞ്ചിരി തൂകിയിരുന്ന അവർ പക്ഷെ അത്യന്തം സൽസ്വഭാവികളായിരുന്നു.

      കാറ്റാടിപ്പാടത്തെ പെണ്ണുങ്ങൾക്ക്‌ ഇത്ര സൗന്ദര്യമുണ്ടായതെങ്ങനെ എന്നു കേൾക്കണോ? പണ്ടുപണ്ട് ഈ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വിരൂപികളും കൂനികളുമായിരുന്നു. ഒരിക്കൽ ഒരു ഉഗ്രസന്ന്യാസി ആ ഗ്രാമത്തിലെത്തി. കാശിക്കു പോകവേ വഴി തെറ്റി അവിടെയെത്തിയതാണദ്ധേഹം. വിശപ്പും ക്ഷീണവും സഹിക്കാതെ അദ്ദേഹം കൂനികളിലൊരുവളുടെ വീട്ടില് കയറിച്ചെന്നു. വേദിക എന്നായിരുന്നു അവളുടെ പേര്. ദരിദ്രയായ അവൾ കൂട്ടിനാരുമില്ലാത്ത ഒരു കന്യകയായിരുന്നു. തന്റെ അന്നം അവൾ മാമുനിയുമായി പങ്കുവച്ചു. കൂട്ടത്തിൽ അവളുടെ ദുഖങ്ങളും. മനസ്സലിഞ്ഞ മുനി അവളോട്‌ പ്രത്യുപകാരമായി എന്തെങ്കിലും ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു. നിസ്വാർത്ഥയായ അവൾ തന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും കൂനെടുത്തു കളയാനും അവരെ സുന്ദരികളാക്കാനും ആവശ്യപ്പെട്ടു. അവളുടെ ആഗ്രഹം അംഗീകരിച്ച മാമുനി, പക്ഷെ ഒരു നിബന്ധന അവൾക്കു മുന്നിൽ വച്ചു. ഭർത്താവല്ലാത്ത ഒരുവനോടൊപ്പം ശയിച്ചാൽ ആ സുന്ദരി ഒരു യക്ഷിക്കുഞ്ഞിനു ജന്മം നല്കും. അല്പം ഭയത്തോടെയെങ്കിലും അവൾ അതംഗീകരിച്ചു. മുനി അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. എന്നാൽ തനിക്കു മുന്നിൽ നില്ക്കുന്ന വശ്യസുന്ദരിയുടെ അഴകിൽ മതിമറന്ന മുനി തന്റെ നിബന്ധന മറന്ന് അന്നവളൊടൊപ്പം  രാപ്പാർത്തു.

      അന്നേയ്ക്ക് ഒരു വർഷം കഴിഞ്ഞപ്പോൾ വേദിക ഒരു കുഞ്ഞിനു ജന്മം നൽകി. ജന്മനായുള്ള അവളുടെ ദംഷ്ട്രകൾ വേദികയെ പരിഭ്രാന്തയാക്കി. ആദ്യത്തെ പാലിനു മാറോട് ചേർത്ത കുഞ്ഞ്, പകരം അവളുടെ രക്തവും ഉയിരും വലിച്ചെടുത്തു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടെയെത്തിയ ഗ്രാമവാസികൾ പക്ഷെ വേദികയുടെ ശവവും കുഞ്ഞിന്റെ ദംഷ്ട്രകളും കണ്ട് ഓടിയകന്നു. കൂട്ടത്തിലുണ്ടായിരുന്ന ഏതോ കിഴവൻ ധൈര്യപൂർവ്വം കുഞ്ഞിനെയെടുത്ത് ഗ്രാമം വിട്ടു. പക്ഷെ അയാൾ ഒരിക്കലും തിരിച്ചു വന്നില്ല.

      ഒരു പ്രായം കഴിഞ്ഞാൽ യക്ഷികൾക്ക് അവരുടെ സൗന്ദര്യം നഷ്ട്ടപ്പെടില്ലത്രേ. ഇന്ന് ആ യക്ഷിക്കുഞ്ഞ് വളർന്ന് ഒരു വശ്യസുന്ദരിയായി മാറിക്കഴിഞ്ഞിരിക്കും. രക്തത്തിനു വേണ്ടി അവൾ നാടുനീളെ ഓടി നടക്കുകയാവും. ഇന്നും കാറ്റാടിപ്പാടത്തെ ജനം രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഭയക്കുന്നു. ഇരുട്ടിൽ ആ വശ്യമായ ചിരിക്കു വേണ്ടി കാതോർക്കുന്നു. 

Wednesday, 22 May 2013

മഴവില്ല്
വെയിൽചൂടിൽ ഉരുകിയൊലിച്ചാണ് മുറിയിൽ വന്നു കയറിയത്. ടേബിൾ ഫാൻ അടുത്തേക്ക് നീക്കി വെച്ച് ഷർട്ട്‌ ഊരിയിട്ട് ഒരു പത്തു സെക്കന്റ്‌ കഴിഞ്ഞില്ല. കറണ്ട് പോയി. ആര്യാടൻറെ മുഖമാണ് ആദ്യം മനസ്സിൽ വന്നത്. ജനല് തുറന്ന് ഒരു കസേരയടുപ്പിച്ച് അവിടെയിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരിടി വെട്ടി. മേഘം കറുത്തു വരുന്നത് കാണായി. അപ്പോഴാണ്‌ അമ്മ വിളിച്ചത്.ഇവിടെ മഴ പെയ്യുന്നുണ്ടോ എന്ന്. ഇല്ല എന്ന് ഞാൻ. കോഴിക്കോട്ട് നല്ല മഴയാണെന്നു പറഞ്ഞു. പരീക്ഷയായതു കൊണ്ട് അധികം സംസാരിക്കാതെ പഠിക്കാൻ പറഞ്ഞു വെച്ചു.

ഒരു ചാറ്റൽ മഴ കണ്ടു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. പെട്ടെന്ന് തിമിർത്തു പെയ്യാൻ തുടങ്ങി. ഇവിടെ കാസർഗോഡ്‌ ഒരു മഴ പെയ്യുന്നത് മാസങ്ങൾക്ക് ശേഷമാണ്. ഒന്നു തണുത്തു വന്നപ്പോഴേക്കും മഴ നിന്നു. വെയിൽ വന്നു. അപ്പോൾ ഒരു മഴവില്ല് മെല്ലെ തെളിഞ്ഞു വന്നു. പണ്ട് കുട്ടിയായിരുന്നപ്പോൾ അമ്മ മഴവില്ല് കാണിച്ചു തന്നത് പെട്ടെന്ന് ഓർമ വന്നു. മഴവില്ല് പോലെ മനസ്സ് നിറഞ്ഞു നില്ക്കുന്ന അമ്മയുടെ സ്നേഹവും. കൂട്ടത്തിൽ ഒരു കാര്യം കൂടി ഓർമ്മ വന്നൂട്ടോ. ഈയിടെ ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ ടീവിയ്ക്കു മുന്നിലേയ്ക്കോടുന്ന എന്നെ വിളിച്ചു നിർത്തി അമ്മ പരിഭവം പറയും. നീയിപ്പോ പണ്ടത്തെ പോലെ എന്നോട് കഥ പറയാനോ എന്റെ മടിയിൽ കിടക്കാനോ വരാറില്ല. കോളേജ് ജീവിതം നിന്നെ ഒരുപാട് മാറ്റിക്കളഞ്ഞു എന്ന്. അമ്മ വായിൽ വച്ചു തരുന്ന ചോറുരുളകളും ഇപ്പോൾ വാങ്ങാൻ മടിയാണ്. വാരിത്തരേണ്ട പ്രായമൊക്കെ കഴിഞ്ഞെന്നു ഞാൻ പറയും. എങ്കിലും ഇത്തവണ ഇങ്ങോട്ട് പോരുമ്പോൾ അമ്മ ഉച്ചയ്ക്ക് എനിക്ക് ചോറ് വാരിത്തന്നു. എനിക്കറിയാം എന്നെ ചിരിച്ചു കൊണ്ട് യാത്രയാക്കിയിട്ട്‌ അമ്മ അകത്തു പോയിരുന്നു സങ്കടപ്പെടാറുണ്ട് എന്ന്. ഫോണ്‍ വിളിക്കുമ്പോൾ പഠിക്കാനുണ്ടെങ്കിൽ വരണ്ട എന്ന് ഓരോ തവണ പറയുമ്പോഴും എന്നെ കാണാൻ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടെന്ന്. ഇന്നത്തെ ദിവസം എന്ത് കൊണ്ടാണ് ഇത് പറയുന്നത് എന്നു ചോദിച്ചാൽ അറിയില്ല. ദൂരെയിരുന്നു കൊണ്ട് അമ്മയെ കാണാൻ വല്ലാത്ത ആഗ്രഹം. 30ആം തിയ്യതി ആവണം വീട്ടിൽ പോകാൻ എന്നുള്ള സങ്കടം. അന്നേ ദിവസമാകാനുള്ള ഒരു വെമ്പൽ. ഇതിവിടെ ഇങ്ങനെ എഴുതി നിർത്തുന്നു. കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കൊണ്ടാണോ എന്നറിയില്ല. എങ്ങനെ അവസാനിപ്പിക്കണം എന്നറിയുന്നില്ല. എന്തിനിത്രയും എഴുതി എന്നും.

Saturday, 23 February 2013

അച്ഛന്‍രാവിലെ എഴുന്നേറ്റ് ഉമ്മറത്തെത്തിയപ്പോള്‍ ചാരുകസേരയിലിരുന്ന് അച്ഛന്‍ പത്രം വായിക്കുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. അറുപതുകളുടെ അന്ത്യത്തിലേക്ക് പ്രായം അച്ഛനെ കൈപിടിച്ചു കൊണ്ടുപോയിരുന്നു. തന്‍റെ കട്ടിക്കണ്ണടയിലൂടെ കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് അച്ഛന്‍ പത്രം വായിക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടവും നുര പൊട്ടി. പെട്ടെന്ന് ഉള്ളില്‍ വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനോടൊപ്പം സ്കൂട്ടറിന്‍റെ പുറകിലിരുന്ന് സഞ്ചരിച്ചിരുന്ന കാലമാണ്. ഓരോ തവണ എന്നെ പിന്നിലിരുത്തി വാഹനമോടിക്കുമ്പോഴും എന്നെക്കുറിച്ചുള്ള ആധികള്‍ പറയാനുണ്ടാവും അച്ഛന്. വീട്ടില്‍ സദാ മൂകനായിരുന്ന അച്ഛന്‍ എന്നോട് സംവദിച്ചിരുന്നത് ഞങ്ങള്‍ പുറത്തിറങ്ങുന്ന വേളകളില്‍ മാത്രമാണ്.

നഗരാതിര്‍ത്തിയിലുള്ള യു.പി. സ്കൂളില്‍ എനിക്ക് അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ അച്ഛന്‍റെ മുഖത്ത് ഞാന്‍ പ്രതീക്ഷിച്ച പ്രസന്നത കാണാഞ്ഞതില്‍ സങ്കടപ്പെട്ടു. അതിന്‍റെ കാരണം മറ്റൊന്നുമായിരുന്നില്ല.ഒരു യു.പി. സ്കൂള്‍ അധ്യാപകനേക്കാള്‍ ഉയര്‍ന്നൊരു ജോലിയിലും ശമ്പളത്തിലും ഞാന്‍ എത്തിച്ചേരണമെന്ന് അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്‍റെ ചെറിയ നേട്ടങ്ങളില്‍ പോലും സന്തോഷിക്കുന്ന അമ്മയെപ്പോലെയേ ആയിരുന്നില്ല അച്ഛന്‍. | ലിറ്ററേച്ചര്‍ കോഴ്സ് എടുത്തപ്പോഴും വഴക്കൊരുപാട് കേട്ടതാണ്.  എന്നിട്ടും അത് പൂര്‍ത്തിയാക്കി ജോലിക്ക് കയറി. ആഴ്ചപ്പതിപ്പുകളില്‍ അച്ചടിച്ചു  വരുന്ന എന്‍റെ ലേഖനങ്ങളോ കഥകളോ ഒരിക്കലും അച്ഛന്‍റെ പ്രശംസ എനിക്ക് നേടിത്തന്നില്ല.

അച്ഛന്‍ കലാതാല്‍പര്യങ്ങളില്ലാത്ത ഒരു അരസികനാണെന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു. ടി.വി.യില്‍ ഒരു  നല്ല സിനിമയോ കലാപരിപാടിയോ കാണാതെ എല്ലായിപ്പോഴും അച്ഛന്‍ വാര്‍ത്തകളിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു. റിട്ടയര്‍മെന്‍റിനു ശേഷം പത്രവും വാര്‍ത്തകളും ചാരുകസേരയും മാത്രമാണ് അച്ഛന്‍റെ ലോകം എന്ന് ഞാന്‍ വിശ്വസിച്ചു.

ഇടയ്ക്ക് ഞാന്‍ ഇടുക്കിയിലെ ഒരു സ്കൂളിലേക്ക് സ്ഥലം മാറിപ്പോയി. ഇടയ്ക്കൊക്കെ കത്തയക്കാന്‍ ഓര്‍മ്മിപ്പിച്ചാണ് അമ്മ യാത്രയാക്കിയതെങ്കിലും  തിരക്കുകളും മടിയും എന്നെ അതില്‍ നിന്നു  വിലക്കി. അവിടെ ജോലി തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യത്തെ കത്ത് വന്നു. വീട്ടിലെ വിലാസം കണ്ട് അമ്മയുടെതെന്ന് കരുതിയെങ്കിലും കത്ത് അച്ഛന്‍റെതായിരുന്നു. അച്ഛന്‍റെ മനസ്സ് ആ കത്തില്‍ പകര്‍ത്തിവെച്ചിരുന്നത് ഞാന്‍ കണ്ടു.

"മോനേ, സുഖമാണോ? അമ്മയ്ക്കും എനിയ്ക്കും വലിയ ബുദ്ധിമുട്ടില്ല. നിന്‍റെ പുതിയ സ്കൂള്‍ എങ്ങനെയുണ്ട്? നന്നായി പഠിപ്പിക്കണം. നിന്നില്‍ നിന്ന് ഒരു കുട്ടി എന്തെങ്കിലും പഠിച്ചാല്‍ അതാണ് ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ നിന്‍റെ വിജയം.

നിന്നെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നും എന്നിലൂടെയേ ഞാന്‍ നിന്നെ കണ്ടുള്ളൂ. സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ സാധിക്കാനുള്ള എന്‍റെ പുനര്‍ജ്ജന്മമാണ് നീ എന്ന് വിശ്വസിച്ചു. അതുകൊണ്ടു  തന്നെ എന്‍റെ സ്വപ്നങ്ങളില്‍ നിന്ന് നിന്‍റെതിലേക്കുള്ള ദൂരം എന്നെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. നീ എഴുതുന്ന ഓരോ വരിയും വായിക്കുമ്പോള്‍ എന്‍റെ സന്തോഷം ഞാന്‍ മറച്ചുപിടിച്ചത് എന്‍റെ അപകര്‍ഷത കൊണ്ടാണ്. കൂടുതല്‍ എഴുതണം. അച്ഛന് വായിക്കാനെങ്കിലും. കാലം ഇനിയധികമില്ലെന്ന് മനസ്സ് പറയുന്ന പോലെ. നീ ഉടനെ ഒരു ട്രാന്‍സ്ഫറിനപേക്ഷിക്കണം. കഴിയുമെങ്കില്‍ ഇവിടെ അടുത്തു തന്നെ എവിടേക്കെങ്കിലും. ഇവിടെ നമ്മുടെ പരിചയത്തിലുള്ള ഒരാളുടെ വീട്ടില്‍ ഒന്നു പോണം. അതിനു പക്ഷെ നീ കൂടി വന്നിട്ടു വേണം. അയാളുടെ മകള്‍ ഒരു നല്ല കുട്ടിയാണ്.അമ്മയ്ക്കും വല്ല്യ ഇഷ്ടാണ്. നിനക്കും ഇഷ്ടാവാതിരിക്കില്ല. ഉടനെ കിട്ടുന്ന ലീവിന് വരാന്‍ നോക്കണം."

വീട്ടിലേക്കു ചെല്ലുമ്പോള്‍ പക്ഷെ, എനിക്കു മാത്രം കാണാവുന്ന, തിരിച്ചെന്നെ കാണാന്‍ കഴിയാത്ത ഒരു വിദൂരതയിലേക്ക് അച്ഛന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ അമ്മയില്‍ നിന്ന് സദാ ഉയര്‍ന്നുകേട്ടെങ്കിലും ഒരു മരവിപ്പ് എന്നിലെ കണ്ണുനീരിനെ വറ്റിച്ചുകളഞ്ഞിരുന്നു. അച്ഛന്‍ മരിച്ചു എന്ന വസ്തുത ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒന്നായി എന്‍റെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു.

മരണശേഷം അച്ഛന്‍റെ പൊടിപിടിച്ചു കിടന്ന പെട്ടി എവിടുന്നോ ഒരു താക്കോല്‍
കണ്ടുപിടിച്ച് തുറക്കുമ്പോള്‍ ഉള്ളില്‍ പുകഞ്ഞിരുന്ന ഒരു നീറ്റല്‍, പക്ഷെ അത് തുറന്നു കഴിഞ്ഞപ്പോള്‍ ഒരത്ഭുതത്തിനു വഴിമാറി. കുറച്ചു ഫോട്ടോകളും കുറേ കടലാസ് കുറിപ്പുകളും അതിനകത്തു കണ്ടു.ചെറിയ പ്രായത്തില്‍ അച്ഛന്‍ പ്രസംഗിക്കുന്നതും സമ്മാനങ്ങള്‍ വാങ്ങിക്കുന്നതും നാടകങ്ങളില്‍ അഭിനയിക്കുന്നതുമായ ഫോട്ടോകള്‍ അതിലുണ്ടായിരുന്നു. അതിനെക്കാളേറെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ കുറിപ്പുകളില്‍ ഉണ്ടായിരുന്ന അച്ഛന്‍റെ കഥകളാണ്.ആ ഇരിപ്പില്‍ ഓരോ കഥയും വായിച്ചു തീരുമ്പോള്‍ എന്‍റെ ഉള്ളിലെ എഴുത്തുകാരന്‍ അലിഞ്ഞുതീരുന്നത് ഞാന്‍ അറിഞ്ഞു. അരസികനെന്ന് അച്ഛനെ മനസ്സിലെങ്കിലും മുദ്ര കുത്തിയതിന് ഞാന്‍ സ്വയം പഴിച്ചു, ശപിച്ചു.

ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ട അച്ഛന്‍റെ ഓര്‍മ ഒരു പത്രവുമായി ചാരുകസേരയില്‍ ഇരിക്കുന്ന കാഴ്ച എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മറഞ്ഞുകഴിഞ്ഞിരുന്ന ഭൂതത്തെ വര്‍ത്തമാനത്തിന്‍റെ കയ്ക്കുന്ന യാഥാര്‍ത്ഥ്യം ചവിട്ടിയരച്ചപ്പോഴേക്കും ചാരുകസേര വീണ്ടും ഒഴിഞ്ഞു തന്നെ കിടന്നു.

Thursday, 14 February 2013

പറയാന്‍ മറന്നത്

(മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90 ലക്കം 2 ല്‍ 'കോളേജ് മാഗസിന്‍ പംക്തിയില്‍ അച്ചടിച്ച്‌ വന്ന കഥ)തുടര്‍ച്ചയായി ബസ്സിന്‍റെ മണി മുഴങ്ങുന്ന ശബ്ദം കേട്ടാണ് അയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്‌.  നന്നേ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയതാണെങ്കിലും എട്ടു മണിയായപ്പോഴാണ് പള്ളുവശ്ശേരിക്കുള്ള ബസ്‌ കിട്ടിയത്. റിട്ടയര്‍മെന്‍റ് വരെ സദാ തിരക്കിലായിരുന്നുവെങ്കിലും ആ ജീവിതം വളരെ ആസ്വാദ്യകരമായി ശിവദാസമേനോന് തോന്നിയിരുന്നു. എന്നാല്‍ വൈകി, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഏകാന്തതയിലേക്ക് ജീവിതം വഴുതിയടുത്തപ്പോള്‍, പിതൃത്വം എന്ന കയ്പുനീര്‍ മേനോന്‍റെ ജീവിതത്തെ അസ്വസ്ഥമാക്കിത്തുടങ്ങി.

വെറും നിസ്സാര വഴക്കിന്‍റെ പരിണിതഫലമായിരുന്നു സുനിതയുമായുള്ള മേനോന്‍റെ വിവാഹമോചനം. അന്ന് സുനിതയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞോ അതിനെ പോറ്റിവളര്‍ത്താന്‍ സുനിത അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളോ അയാളെ അലട്ടിയില്ല. എങ്ങനെയെങ്കിലും ജോലിയുമായി തനിച്ചൊരു ജീവിതം അയാള്‍ സ്വപ്നം കണ്ടു അങ്ങനെ നിശ്ചയിച്ചത് കൊണ്ട് തന്നെ പിന്നീട് സുനിതയെഴുതിയ കതുകല്‍ക്കൊന്നും മറുപടിയെഴുതാന്‍ മനസ്സയാളെ അനുവദിച്ചില്ല. ഏകാന്തത അനുഭവിച്ചു തുടങ്ങിയപ്പോഴും മനസ്സ് പതറിയില്ല. ഒറ്റയ്ക്ക് തന്നെ എന്ന് മനസ്സ് മന്ത്രിക്കുകയായിരുന്നു.

വാടകവീട്ടിലെ തെഞ്ഞുതുടങ്ങിയ തടിക്കസേരയില്‍ ഇരുന്നു അന്നത്തെ വാര്‍ത്തകളില്‍ ആഴ്ന്നിറങ്ങിത്തുടങ്ങിയപ്പോഴാണ് കൂടെ ജോലി ചെയ്തിരുന്ന വാസുദേവപ്പണിക്കരും ഭാര്യ ലളിതാംബികയും മകന്‍ സൂരജ് പണിക്കരോടൊപ്പം ഒരു പോഷ് വാഹനത്തില്‍ വീട്ടുമുറ്റത്ത്‌ വന്നിറങ്ങിയത്. സ്വര്‍ഗാനുഭൂതിയായിരുന്നു അപ്പോള്‍ ശിവദാസമേനോന്. കഴിഞ്ഞ കുറെ മാസങ്ങളായി മേനോനെ അന്വേഷിക്കുകയായിരുന്നു പണിക്കര്‍  മേനോനെ ഫേസ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയത് മകന്‍ സൂരജാണ്. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന പ്യൂണ്‍ ശശിധരനാണ് വീട് മാറിയ കാര്യം പറഞ്ഞതും വിലാസം തന്നതും.

പണിക്കരും കുടുംബവും യാത്ര പറഞ്ഞു മടങ്ങിയപ്പോഴാണ്‌ ഏകാന്തത എന്നാ വികാരം അതിന്റെ പൂര്‍ണതീവ്രതയോടെയും ശിവദാസമേനോനെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയത്. പിന്നെ അമാന്തിച്ചില്ല. എവിടെ നിന്നോ ഒരേണി സംഘടിപ്പിച്ച് വീടിന്റെ റാക്കില്‍ കയറി പഴയ പെട്ടി വലിച്ചു താഴെ വെച്ചു. മറുപടികള്‍ അയയ്ക്കാന്‍ തോന്നിയിരുന്നില്ലെങ്കിലും ഓരോ കത്തും നഷ്ടപ്പെട്ടു പോകാതെ അയാള്‍ പെട്ടിക്കകത്ത് സൂക്ഷിച്ചിരുന്നു. എന്നെങ്കിലും വീണ്ടുമെടുക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എട്ടുപത്തു വര്‍ഷം മുന്‍പാണ് സുനിതയുടെ അവസാനത്തെ കത്ത് വന്നത്. മറുപടികളൊന്നും കാണാതെയായപ്പോള്‍ മേനോന്‍ മരിച്ചുവെന്നു സുനിതയ്ക്ക് തോന്നിയിരിയ്ക്കണം.

പത്ത് വര്‍ഷം മുന്‍പ് സുനിതയയച്ച കത്തുമായി പള്ളുവശ്ശേരി എന്ന ഗ്രാമത്തിലെയ്ക്കുള്ള ആ ബസ്സില്‍ ഇരിക്കുമ്പോള്‍ അയാളുദ് മനസ്സ് പല സംശയങ്ങലാല്‍ അസ്വസ്ഥമായിരുന്നു. തന്‍റെ മകന്‍, അനന്തകൃഷ്ണന്‍, അങ്ങനെയാണ് സുനിത എഴുതിയിരുന്നത്. അവന്‍ ഇപ്പോഴും ഇതേ വിലാസത്തിലാണോ താമസം?ആണെങ്കില്‍ തന്നെ സുനിതയുണ്ടാവില്ലേ കൂടെ? അവന്‍ വിവാഹം കഴിച്ചു കാണില്ലേ? ഒരു പെരുമഴ പോലെ ചിന്തകള്‍ മനസ്സിന്‍റെ ഭാരം വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു.

ബസ്‌ ഒരു വളവ് തിരിച്ചുനിര്‍ത്തി. എല്ലാവരും ഇറങ്ങിത്തുടങ്ങി. മേനോന്‍ മെല്ലെയെഴുന്നേറ്റ് കണ്ടക്ടറുടെ അടുത്ത് ചെന്നു. 
"ഇത് പള്ളുവശ്ശേരിയാണോ?"
ആകാംക്ഷ അയാളുടെ വാക്കുകളില്‍ ദൃശ്യമായിരുന്നു.
"ഇത് ബസ്സിന്‍റെ ലാസ്റ്റ് സ്റ്റോപ്പാണ്. പള്ളുവശ്ശേരിയെന്നു ബോര്‍ഡ്‌ എഴുതിയെന്നേ ഉള്ളൂ സാറെ, ഇനിയങ്ങോട്ടുള്ള റോഡിലൂടെ സ്കൂടറും ഓട്ടോയും മാത്രമേ പോവുള്ളൂ. ദാ, അങ്ങോട്ട്‌ മാറിനിന്നാല്‍ റിട്ടേണ്‍ വരുന്ന ഓട്ടോ കിട്ടും. സാറാരെ കാണാനാ ഇവിടെ?"
അതിനു മറുപടി പറയാതെ മേനോന്‍ ഇറങ്ങി.

അനന്തകൃഷ്ണന്‍ ധൃതിയില്‍ പെട്ടിയില്‍ തുണികള്‍ എടുത്തുവെയ്ക്കുകയായിരുന്നു.
"സിന്ധൂ, നീ ആ ചോറ്റുപൊതി വേഗമിങ്ങെടുക്ക്വോ? അടുത്ത ബസ്‌ പോയാല്‍ ആ ട്രെയിന്‍ കിട്ടിയത് തന്നെ..."
"ദാ കൊണ്ടുവരുന്നൂ ഏട്ടാ. ഒരിത്തിരി നേരത്തെ ഒരുങ്ങിയിരുന്നെങ്കില്‍ ഇങ്ങനെ ധൃതി വെയ്ക്കണോ?"

പൊതിച്ചോറും പെട്ടിയില്‍ വെച്ച് പടിയ്ക്കല്‍ നില്‍ക്കുമ്പോഴാണ് ഗേറ്റിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നിന്നത്. അനന്തനും സിന്ധുവും നോട്ടങ്ങള്‍ കൈമാറി. ഓട്ടോ പറഞ്ഞയച്ച് തങ്ങളുടെ വീട്ടിലേയ്ക്ക് നടന്നടുക്കുന്ന വയോധികനെ അവര്‍ സ്വീകരിച്ചിരുത്തി.
"ആരാണ്? എവിടെ നിന്ന് വരുന്നു?"
തലയ്ക്കുള്ളിലെ മരവിപ്പ് കാരണം ശിവദാസമേനോന് ആ ചോദ്യത്തിനുത്തരം പറയേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു.
"സുനിത?"
തന്‍റെ മകന്‍റെ മുന്നില്‍ അപരിചിതത്വം മാറ്റാന്‍ അവന്‍റെ അമ്മയെ വിളിക്കുന്നതാണ് നല്ലതെന്ന് മേനോന് തോന്നി. ഈ വീട്ടില്‍ തന്‍റെ മുഖം തിരിച്ചറിയാന്‍ അവള്‍ക്കു മാത്രമേ സാധിക്കൂ.
"അമ്മയെ അന്വേഷിച്ചു വന്നതാണോ? അറിഞ്ഞുകാണില്ല അല്ലെ? അടുത്ത വര്ഷം പതിനോന്നാണ്ട് കഴിയും അമ്മ മരിച്ചിട്ട്. അമ്മയേ ഉണ്ടായിരുന്നുള്ളൂ എനിയ്ക്ക്. അമ്മയെ എങ്ങനെയറിയാം?"
ശിവദാസമേനോനു വാക്കുകള്‍ മുട്ടി.
"ഞാന്‍... അച്ഛന്‍......"
"ഓ.. അച്ഛന്‍റെ സുഹൃത്താണോ? ഞാന്‍ ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. ഫോട്ടോയിലെ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ സാറിന്‍റെ പ്രായം ഉണ്ടാവും അല്ലെ? സാറിന്‍റെ പേര്?"
ശിവദാസമേനോന്‍ അപരാഹ്നത്തിലായിരുന്നു. സ്വന്തം മകന്‍ തിരിച്ചറിയുന്നില്ലല്ലോ ഈശ്വരാ. ഹൃദയം നീറിമുറുകുന്നു.
"എന്‍റെ പേര് പറഞ്ഞാലും മോനെന്നെ മനസ്സിലാവില്ല. ഞാന്‍ ഇറങ്ങുന്നു."
സിന്ധു അപ്പോഴാണ്‌ കാപ്പിയുമായി വന്നത്. സ്നേഹപൂര്‍വ്വം അത് നിരസിച്ച് അവിടെനിന്നും ഇറങ്ങിനടക്കുമ്പോള്‍ ശിവദാസമേനോന്‍റെ മനസ്സ് അതിന് പരിചിതമായ ഏകാന്തതയെ വരവേല്‍ക്കാന്‍ വീണ്ടും തയ്യാറെടുക്കുകയായിരുന്നു.

Friday, 8 February 2013

ആ നാള്‍ വരെ

നബീല്‍ അസ്ലം

നിന്നിലെ കുഞ്ഞു മഞ്ഞു വെണ്‍തുള്ളി
മാഞ്ഞു പോകുന്ന നാള്‍ വരെ
ഇനിയുമോര്‍ക്കാതെ പോകുവാനിന്നു
യാത്രയോതുന്നു സാദരം.
ആരു നീ, യിനിയാരു നീയെ-
ന്നറിയുവാന്‍ വൈകിയിന്നു ഞാന്‍.

പിന്മുടിത്തുമ്പു കെട്ടിയിട്ടൊരാ-
പെണ്‍കിടാവതില്‍ നിന്നു നീ,
എപ്പൊഴോ മാഞ്ഞു മാറിയിന്നു നീ
മറ്റൊരാളായ നാളിതില്‍,
നിന്നെയോര്‍ക്കാതെ, യിനിയുമോര്‍ക്കാതെ
യാത്രയാകുന്നു പെണ്‍കൊടീ...

ജന്മമിനിയൊന്നു വീണ്ടുമേകുകില്‍
കണ്ടുമുട്ടിടാം നാളതില്‍,
ദുഖമേറ്റാതെ പോയിടട്ടെ ഞാന്‍
നേരു  നീയിന്നു മംഗളം.Thursday, 17 January 2013

നിര്‍ഭയo

നീ തനിച്ചായിരുന്നില്ല.
ഒരാണ്‍തുണയുണ്ടായിരുന്നു,
അന്ന് കൂടെ.
കണ്ടു തീര്‍ന്ന സിനിമയെ-
ക്കുറിച്ചായിരുന്നോ,
അപ്പോള്‍ സംസാരം?

നേരം ഒരുപാടിരുട്ടി,
ആളൊഴിഞ്ഞ നിരത്ത്,
മേഘങ്ങളില്‍ മുഖമൊളിപ്പിച്ച്
ഇരുട്ട് പടര്‍ത്തിയ ചന്ദ്രന്‍,
മങ്ങിക്കത്തുന്ന തെരുവുവെളിച്ചം,
വ്യാഖ്രമുഖം പോലെ രാത്രി,
പേടിയുണ്ടായിരുന്നില്ലേ,
അപ്പോഴും?

പാഞ്ഞു കിതച്ച്
മുന്നില്‍ വന്ന
ഒരു പാസഞ്ചര്‍ ബസ്‌,
ആശ്വാസമായി തോന്നി,
അല്ലെ?
ഉള്ളില്‍ കയറി
ഇരിപ്പുറച്ചപ്പോള്‍
കണ്ടത്, മദ്യം മയക്കിയ
പുരുഷമുഖങ്ങള്‍ മാത്രം.
പേടിച്ചില്ലേ നീ, അപ്പോഴും?
ഓ,
കൂടെ അവനുണ്ടായിരുന്നല്ലോ?

പിച്ചിച്ചീന്തി വഴിയിലെറിഞ്ഞ
നിന്നെയും അവനെയും,
കണ്ടത് ആരെന്നറിയില്ല.
ആരോ, ആശുപത്രി, സഹനം.

ഇടയ്ക്ക്
ചോദിച്ചിരുന്നുവല്ലോ?

അവരെ പിടിച്ചോ എന്ന്?
അറിഞ്ഞിട്ടെന്തിന്?

മുപ്പത്
വര്‍ഷങ്ങള്‍ക്കിപ്പുറവും,
ഇന്ദ്രപ്രസ്ഥത്തില്‍,
മാറാതെ നീ
ആവര്‍ത്തിക്കുമ്പോള്‍,
മറ്റൊരു രാജ്യത്ത്
നീ മിഴികള്‍ അടയ്ക്കുമ്പോള്‍,
ഞങ്ങള്‍
കരയുന്നു, കെഞ്ചുന്നു
ദൈവത്തോട്,
ഇനി അരുതേ,
ഇനിയെങ്കിലും.

നിസ്സഹായയാണവള്‍,
നിര്‍ഭയയെന്നു പേര് മാത്രം.
പ്രാര്‍ത്ഥനകള്‍
ഒടുങ്ങുന്നില്ല, പ്രതിഷേധങ്ങളും,
ഇനിയും ഇതാവര്‍ത്തിക്കും,
എന്നറിഞ്ഞിട്ടും,
പാഴ്ശ്രമങ്ങള്‍.

ഇനിയിതിനെന്തു പ്രതിവിധി?
എന്തൊരു വഴി?
ദൈവമേ, രക്ഷിതാവേ,
എല്ലാം നിനക്ക്  മാത്രം,
ഞങ്ങളാല്‍
കഴിയാത്തതെന്തും,
കഴിയുന്നവന്‍ നീ മാത്രം.
വരും ജ്യോതികളെ
നിര്‍ഭയമാക്കാന്‍
ശക്തി നല്‍കൂ,
ഇതാണ് പ്രാര്‍ത്ഥന,
അപേക്ഷ.

Sunday, 16 December 2012

പണയപ്പണ്ടം


നബീല്‍ അസ്ലം


      ഈ വേദന അതിഭയങ്കരമാണ്. മറ്റൊരു സ്ത്രീയിലൂടെ മാത്രം അതിനെ കണ്ടിരുന്ന സുമതിയ്ക്ക്, ഒരിക്കലും തനിക്കിത് വിധിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു മനസ്സ് മുഴുവന്‍ .
 
      ജീവിതത്തില്‍ ആദ്യമായി സുമതി പണയം വെച്ച ഉരുപ്പടി അവളുടെ മനസ്സാണ്. അതിന് അവകാശിയായ ആളുടെ മനസ്സിന്റെയും സര്‍വ്വതിന്റെയും അവകാശി താനാണെന്ന് അവള്‍ വിശ്വസിച്ചുമിരുന്നു. എന്നാല്‍ തന്നില്‍ നിന്നെല്ലാമെടുത്ത്‌ അയാളുടെതെല്ലാം മറ്റൊരുവള്‍ക്ക്  നല്കിയതറിഞ്ഞ നിമിഷത്തിലാണ് ആദ്യമായി മനസ്സ് കൊണ്ട് സുമതി അനാഥയായത്‌.
   
       സുമതിയുടെ രണ്ടാമത്തെ പണയപ്പണ്ടം അവളുടെ ശരീരമായിരുന്നു. ഒരര്‍ത്ഥത്തില്‍ അത് അവളുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവും അച്ഛന്‍ എന്ന് വിളിക്കാന്‍ വിധിക്കപ്പെട്ടവനുമായ ആള്‍ അവളില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതാണ്. ആ പ്രായത്തില്‍ പകച്ചു നില്‍ക്കാനല്ലാതെ മറുത്തൊന്നു മിണ്ടാനോ പ്രവര്‍ത്തിക്കാനോ അവളിലെ കൗമാരക്കാരി ശക്തയായിരുന്നില്ല.

      പിന്നീട് ആ മനുഷ്യനിലൂടെത്തന്നെയാണ് സുമതി ആ നഗരത്തിലെ അറിയപ്പെടുന്നതും തിരക്കുള്ളതുമായ ഒരു വേശ്യയായി മാറിയതും. മനസ്സും മനസ്സാക്ഷിയും കൊട്ടിയടച്ച് ദിവസേന വന്നു പോകുന്ന ശരീരാന്വേഷികള്‍ക്ക് അവള്‍ തന്‍റെ ശരീരം തുറന്നു കൊടുത്തു, ഒരിക്കല്‍ അതിന്‍റെ ബാക്കിപത്രമെന്നോണം അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞിന്‍റെ വിത്ത് പാകപ്പെട്ടിരിക്കുന്നു എന്നറിയുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ വരെ.

      എല്ലാ സ്ത്രീകളെയുംപോലെ ഒരാനന്ദത്തിന്‍റെയോ അഭിമാനതിന്‍റെയോ പരിവാരത്തോടുകൂടി തന്‍റെ ഗര്‍ഭത്തെ അംഗീകരിക്കാന്‍ ആ വേശ്യയ്ക്ക് ഒരിക്കലും സാധിച്ചില്ല. ഒരു വേശ്യയുടെ മകനോ മകളോ ആയി വളരാനും അറിയപ്പെടാനും പോകുന്ന ആ കുഞ്ഞിന്‍റെ ഗതികേടോര്‍ത്തു കേഴാനും സ്വയം പ്‌രാകാനും മാത്രമേ അവള്‍ക്കു കഴിഞ്ഞുളളൂ.
   
      ഒരു സര്‍ക്കാരാശുപത്രിയുടെ, തെളിച്ചം കുറഞ്ഞ പ്രകാശം മിന്നിക്കത്തുന്ന ആ വരാന്തയില്‍ രക്തത്തില്‍ പൊതിഞ്ഞ ഒരു കഷ്ണം തുണിയില്‍ക്കിടന്നുകൊണ്ട് തന്‍റെ കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ തികഞ്ഞ ഒരു നിസ്സംഗത മനസ്സിനെക്കീറി അവളുടെ ശരീരത്തിലേക്കും പടര്‍ന്നിരുന്നു.

      ഉടുത്തിരുന്ന പഴയ സാരി രക്തം പടര്‍ന്ന് ഉപയോഗശൂന്യമായിപ്പോയിരുന്നു. ആശുപത്രിയില്‍ തന്‍റെ പേറെടുത്ത നേഴ്സ് അല്പം പ്രായം കൂടിയ കരുണ നിറഞ്ഞ ഒരു സ്ത്രീയായിരുന്നു.
അവര്‍ കൊടുത്ത ഒരു സാരിയും ചുറ്റി ഒരു തുണ്ടുതുണിയില്‍ കുഞ്ഞിനേയും പൊതിഞ്ഞുപിടിച്ച്‌ ആശുപത്രി വിടുമ്പോഴും ഒന്ന് മാത്രമേ സുമതിയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. തന്‍റെ ജന്മദോഷം പിഴച്ചുപിറന്ന ഈ പെണ്‍കുഞ്ഞ് വളര്‍ന്നുവരുന്നത് ഒരു വേശ്യയുടെ മകളായിട്ടാകരുത്. ഗതികേടുമൂലം തനിക്കു സ്വീകരിക്കേണ്ടി വന്ന ഈ വഴിയിലൂടെ തന്‍റെ കൈ പിടിച്ച് അവളെ നടത്താന്‍ സുമതിയിലെ സ്ത്രീ ഒട്ടും ആഗ്രഹിച്ചതുമില്ല.

                                     ----------------------------------------------------------

      വളരെ തിരക്കുപിടിച്ച ഒന്നായിരുന്നു സുധാകരന് ആ ദിവസം. കഴിയുന്നത്രയും അനാഥമന്ദിരത്തിന്‍റെ  മതില്‍ക്കെട്ടിനുള്ളില്‍ ഒതുങ്ങാന്‍ അയാളുടെ മനസ്സാഗ്രഹിച്ചിരുന്നു. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക് മുന്‍പ് ഈ മന്ദിരത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്ന ഭാസ്കരന്‍ നായരുടെ കയ്യില്‍ ഏല്‍പ്പിച്ചതാണ് സുധാകരനെ അയാളുടെ അമ്മ. സുധാകരന് മൂന്ന് വയസ്സ് മാത്രമുള്ളപ്പോള്‍ അയാളുടെ രഹസ്യത്തിന്‍റെ ഏക തെളിവായിരുന്ന ഭാസ്കരന്‍ നായരെ ഒരു ഹൃദയാഖാതം സമ്മാനിച്ച് ദൈവം തിരിച്ചു വിളിച്ചു. അന്ന് മുതല്‍ക്ക്‌ അയാള്‍ അനാഥനാണ്. ഈ മന്ദിരത്തില്‍ അയാളോടൊപ്പം കളിച്ചുവളര്‍ന്ന പലരും ഇന്ന് രാഷ്ട്രീയ കലാസാംസ്കാരിക ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരാണ്. പക്ഷേ, അന്നും ഇന്നും എന്നും, അയാള്‍ക്ക്‌ ഈ നാല് മതിലുകള്‍ക്കപ്പുറം വളരാന്‍ കഴിയുമായിരുന്നില്ല. തന്നെ താനാക്കിയ ഈ മന്ദിരത്തെയും ഒരു കുടുംബത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ തന്ന ഇതിലെ അന്തെവാസികളെയും തന്‍റെ മുഴുവന്‍ സ്നേഹവും കൊടുത്തു അയാള്‍ ശുശ്രൂഷിച്ചും സ്നേഹിച്ചും പോന്നു.

      അന്ന് രാത്രിയില്‍ ജോലികളെല്ലാം ഒരുവിധത്തില്‍ മുഴുമിപ്പിച്ചു മേലും തലയും ഒന്ന് നനച്ചെന്നു വരുത്തി ഗെയ്റ്റിനു താഴിടാനെത്തിയ സുധാകരന്‍റെ ശ്രദ്ധയേയും ക്ഷണിച്ചുകൊണ്ട് മന്ദിരത്തിന്റെ അതിരിനപ്പുറം സുമതി നില്‍പ്പുണ്ടായിരുന്നു. കനത്ത ഇരുട്ടില്‍ അവളുടെ മുഖം അയാള്‍ക്ക്‌ വ്യക്തമായിരുന്നില്ല. തുടത്തുടരെയുള്ള അയാളുടെ ചോദ്യങ്ങള്‍ക്കൊടുവില്‍ സംസാരിച്ചു തുടങ്ങിയ സുമതിയ്ക്ക് പക്ഷേ, തന്‍റെ കഥ മുഴുമിപ്പിച്ചേ നിര്‍ത്താനായുള്ളൂ.

      അത്രയും നേരം നിസ്സഹായയായി തന്‍റെ മുന്‍പില്‍ നിന്ന ആ സ്ത്രീയുടെ പേര് പോലും ചോദിക്കാതെ അവളുടെ കയ്യില്‍ നിന്നും തന്റെതിലേക്ക് ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോള്‍ തന്റെ ജന്മം തന്നെയായിരുന്നു അയാളുടെ കണ്മുന്‍പില്‍. ആ നിമിഷത്തില്‍ അയാളുടെ മനസ്സില്‍ മാറിമാറിപ്പെയ്ത വികാരങ്ങളുടെ തോര്‍ച്ചയില്‍ അയാള്‍ ആ പെണ്‍കുഞ്ഞിനെ ഗൗരി എന്ന് പേര് വിളിച്ചു. മുപ്പത്തിയെട്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും കാണാത്ത സ്വപ്നങ്ങളുടെ ചിറകിന്‍കീഴില്‍ ആ കുഞ്ഞിനെ അണച്ചു പിടിച്ചുകൊണ്ട്  അയാള്‍ ആ നന്മമരച്ചോട്ടിലേയ്ക്ക് തിരിച്ചു നടന്നു.തന്‍റെ അവസാന പണയപ്പണ്ടവുമായി അയാള്‍ മറയുന്നതും നോക്കി അവള്‍ അപ്പോഴും ഗെയ്റ്റിനു പുറത്തു നില്‍പ്പുണ്ടായിരുന്നു.

--------------------------------------------ശുഭം-------------------------------------------------

Saturday, 15 October 2011

ഇത് മഴക്കാലം

ഇത് മഴക്കാലം
ഇപ്പോള്‍ റോഡില്‍ കുളിക്കാം
ആഴത്തില്‍ ഊളിയിടാം
മുങ്ങാങ്കുഴിയിടാം
സര്‍കാരിന്റെ മഴക്കാല സൌജന്യം
മരാമത്തിന്റെ പുത്തന്‍ ഓഫര്‍
നന്ദിയാരോട് നാം ചൊല്ലേണ്ടു?
സര്‍കാരിനോടോ, അതോ നമ്മോടു തന്നെയോ